.നേര്‍ക്കാഴ്ചകള്‍...
.നേര്‍ക്കാഴ്ചകള്‍...
നിഴല്‍ :
കുഞ്ഞുവിരല്‍ പതിയെ പരതി-
അരികത്തമ്മയിരിപ്പുണ്ടാമോ..?
തെങ്ങലുടഞ്ഞൊരു നെഞ്ചിന്‍ കൂട്ടില്‍-
ചെറു പ്രാവിന്‍ കുറുകല്‍ മാത്രം..
നിലാവ് :
നാവിന്‍ തുമ്പിലെ മധുരം മാറാ-
തൊന്നു നുണഞ്ഞു പൈതലവന്‍..
പൊരിയും വയറാല്‍ ഊട്ടിയതമ്മ-
മധുരം കിനിയും തന്‍ നിണമോ..?
നിഴല്‍ :
ഒട്ടിയ കവിളില്‍ ഇന്നലെയമ്മ-
മുത്തിയ പാടില്‍ വിരല്‍ ചേര്‍ക്കേ-
പൊട്ടിവിരിഞ്ഞു തെല്ലൊരു മൊട്ടാം-
പുഞ്ചിരിയൊന്നാ ചെറു ചുണ്ടില്‍...
നിലാവ് :
ഇഴയാന്‍ വെമ്പും അകതാരില്‍-
പുഴയായ് ഒഴുകിയ മിഴിനീരും,
മഴവില്ലാകൃതി പോലാ ചുണ്ടും,
മഴപോല്‍ പെയ്താ നൊമ്പരവും.
നിഴല്‍ :
കണ്ണുകള്‍ അടയുന്നമ്മേ..,
ഉണ്ണിക്കമ്മയെ എന്നും കാണണ്ടേ..?
കുഞ്ഞികണ്ണു വലിച്ചു തുറന്നു-
തെല്ലൊരു ഞൊടിയിടമാത്രം..
നിലാവ് :
ഉണ്ണി മനസ്സില്‍ ചൊന്നൊരു വാക്കില്‍..
നൊന്തു പിടഞ്ഞു പൊന്നമ്മാ..
കാണാന്‍ വയ്യാ ചിത്രം..നെഞ്ചില്‍..
വന്നു പതിച്ചൊരു വെള്ളിടി പോല്‍..
നിഴല്‍ :
ഒറ്റക്കയ്യില്‍ പയ്യെ തൂക്കി-
പറ്റെ മുഷിഞ്ഞൊരു ജീവിതവും.
മറ്റെക്കയ്യില്‍ കനിവിന്‍ യാചന-
നിറയെ തേടും ഒരു കണ്ണും
നിലാവ് :
കാണുവതില്ലീ കാഴ്ചകളൊന്നും-
ഈശ്വരനെന്നൊരു വിശ്വ മുഖം
കാണുവതില്ലീ നേര്‍ക്കാഴ്ച്ചകളില്‍-
നൊന്തുരുകാനൊരു മാനുഷനെ
നിഴല്‍ :
പെറ്റ വയറ്റിന്‍ വേദനമാത്രം
അറ്റ നിശാപുഷ്പം പോലെ-
ഒട്ടിയ കുഞ്ഞു വയറ്റില്‍ കണ്ണീരു-
മ്മകള്‍ വച്ചു കിടക്കുന്നു-
ഒട്ടിയ കുഞ്ഞു വയറ്റില്‍ കണ്ണീരു-
മ്മകള്‍ വച്ചു കിടക്കുന്നു.....



Comments
Post a Comment