വേഷം...


വേഷം.


വേദിയിലാടുവാന്‍ വേഷം രചിക്കുവാന്‍..
ആരുമില്ലാത്തൊരു പൂര്‍വ്വകാലം.....
ഈശന്‍ രചിച്ചതീ നാടകം..
അതിലാടുന്നതാണീ  മനുഷ്യജന്മം

കൂട്ടത്തിലാടുവാന്‍ വേഷങ്ങളേതെന്നു -
പരതുന്നു ഞാനും,നീയും, നമ്മളും -
 നിറമറ്റ കടലാസ് പോലെ വിളറിയ-
മുഖമിന്നു തേടുന്നു ചായം പുരട്ടാന്‍..

വേഷങ്ങള്‍ പലതും കെട്ടിയാടാന്‍
വേദിയൊരുങ്ങീ ഈ ഉലകം..
ആശിച്ച വേഷങ്ങള്‍ കിട്ടാതൊടുവില്‍
അണിയുന്ന വേഷങ്ങള്‍ക്കാശയറ്റു

പച്ചവേഷം കെട്ടി നിന്നിട്ടൊടുവിലായ്‌-
കത്തിവേഷം കെട്ടി ആടുന്നിതാ-
നഷ്ട്ടമോഹങ്ങള്‍ തന്‍ ശിഷ്ട്ടം ഭുജിക്കുവാന്‍-
അഗ്നി സ്ഫുലിന്ഗമായ്  മാറുന്നിതാ.

യാചകനായും കീചകനായും....
ഒത്തിരി വേഷങ്ങള്‍ വന്നു മറഞ്ഞൂ..
തളരാതെ വേദിയില്‍ ആടിയതിനൊക്കെയും 
ഇടറാത്ത പാദങ്ങള്‍ കൂട്ടുവന്നു

വേഷപ്പകര്‍ച്ചകള്‍ക്കാവില്ല-
മനസ്സിന്റെ, നേരിന്റെ വേഷം മറന്നാടുവാന്‍-
വേഷങ്ങളില്ലാതെയാവുന്നു ഞാനെന്റെ-
വേഷം വിഷാദമായ് മാറ്റുന്നു.

ആശയില്ലായിനിയൊരു വേഷമാടാന്‍..
കണ്ടു മടുത്തതീ കപട വേഷം..
എന്‍ വേഷ മഴിയേണ്ട  കാലം വരേയ്ക്കും..
ചായങ്ങള്‍ പൂശിയാടുക വേണം..

Comments

Popular Posts