കനലൊടുങ്ങാതെ....


കനലൊടുങ്ങാതെ....നിഴല്‍:
തലയറ്റൊരുടലിനെ പുണരുന്ന കൈകളില്‍-
വിലയറ്റ സ്വപ്നത്തില്‍ കനല് മാത്രം.
കണ്ണീര്‍ കുതിര്‍ത്ത കവിള്‍ത്തടം തന്നിലോ-
ദുരിത ദിനങ്ങളിന്‍ പിടപ്പ് മാത്രം.
 
നിലാവ്:
മനുജന്റെ കയ്യിലെ സ്വപ്നങ്ങളുടയുന്നു-
വെറിയാല്‍ അലയുന്ന രാഷ്ട്രീയ കോമരങ്ങളാല്‍ .
ഒട്ടും കുറയാത്ത ക്രൌര്യമായ്, വാശിയായ്
മതമെന്ന വൈരിയും കൂടെത്തന്നെ..


നിഴല്‍:
ഇവളാണ് നേരിന്റെ നിണനിറം കണ്ടു-
കണ്‍കലങ്ങാതലഞ്ഞ അമ്മയും,അനുജത്തിയും-
ഇവളാണ് പുകയുന്ന ഉലയൂതി നീറ്റുന്ന-
ഹൃദയത്തിന്‍ ഉടമയും,കാവല്‍ക്കാരിയും

നിലാവ്:
രക്തം മണക്കുന്ന കാറ്റിനുമുണ്ട് ..
പറയുവാന്‍ ഏറെ നൊമ്പരങ്ങള്‍..
ഇന്നിന്‍ ജ്വലിക്കുന്ന വെണ്ണീറു കട്ടകള്‍
നിന്‍ തണുപ്പിന്‍ ചൂടകറ്റുവാനോ..?

 നിഴല്‍:
ചീറ്റിത്തെറിച്ച ചുടു ചോരയെ-
ഹിന്ദു വെന്നും മുസല്‍മാനെന്നുമായ്‌-
പേരിട്ടു വിളിച്ചവര്‍ പടിയിറങ്ങി-
ഒടുവിലീ കൈക്കുഞ്ഞ് മാത്രം-
മതമെന്തെന്നരിയാതെ കൈകാലടിച്ചു തളര്‍ന്നു.

നിലാവ്:
ഓര്‍ക്കുന്നതില്ലീ വെറി പൂണ്ട ലോകം..
തന്നാല്‍ ഒടുങ്ങും ജീവിതങ്ങള്‍ക്കു-
മിഴിനീരു കൊണ്ട് വിശപ്പടക്കാന്‍..
പറ്റീടുകില്ലെന്ന ലോക സത്യം..


നിഴല്‍:
വൈരമൂട്ടി വളര്‍ത്തുന്നു മക്കളെ-
പകയും,വെറുപ്പും തൊട്ടു കൊടുക്കുന്നു നാവില്‍-
പിന്നെയൊരു കനലിട്ടു കൊടുക്കുന്നു-
കൈകോര്‍ത്തു പിടിച്ച സൌഹൃദങ്ങളിലേക്ക്


നിലാവ്:
എന്തിനു വേണ്ടിയീ പോര്‍വിളി പോരാട്ടം..
നല്കിടുമോ നമുക്കൊരു സ്വര്‍ഗത്തിന്‍വാതില്‍ ..
മോഹങ്ങള്‍ ഒടുങ്ങാത്ത കാലംവരേയ്ക്കും
കരുതുന്ന മോഹങ്ങള്‍ ഇത്ര തന്നെ..


നിഴല്‍:
ഇനിയെത്ര കാതം നടന്നിടേണം
സൌഹൃദം പൂക്കുന്ന ദിക്കിലെത്താന്‍-
മതം മദമാവാത്ത മനസ്സിലേക്കെത്താന്‍
സ്നേഹമെന്നക്ഷരം സ്വന്തമാക്കാന്‍

Comments

Popular Posts